പുതുവർഷം...
ആശംസകളോടൊപ്പം പുതുവത്സര പ്രതിജ്ഞകള്‍ കൂടി പുതുക്കാനുള്ള കാലം... പലരുടെയും പ്രതിജ്ഞകള്‍ (ഞാനടക്കം) കേള്‍ക്കുമ്പോള്‍ പണ്ട് ബാപ്പ(ഉമ്മയുടെ ഉപ്പ) പറഞ്ഞ ഒരു വാചകമാണ് ഓര്‍മ്മ വരുന്നത്. സിഗരറ്റ് വലി നിര്‍ത്തിക്കൂടേ എന്ന ചോദ്യത്തിന് മൂപ്പര് വളരെ കൂളായി പറഞ്ഞു: 'ഇത് നിര്‍ത്താന്‍ വല്യ ബുദ്ധിമുട്ടൊന്നുമില്ല, ഞാനിതെത്ര തവണ നിര്‍ത്തിയതാ...'
സ്‌കൂള്‍ അവധിക്കാലം ബാപ്പാക്ക് ഞങ്ങളോട് ദേഷ്യപ്പെടാനുള്ള കാലമായിരുന്നു. കാരണം വേറൊന്നുമല്ല, അവധിക്കാലം ഉമ്മയുടെ വീട്ടില്‍ എല്ലാവരും വിരുന്നുവരുന്ന ആഘോഷക്കാലമായിരുന്നു. കിണറിനു നേരെ മുകളിലൂടെയുള്ള കൊമ്പില്‍ തൂങ്ങിക്കിടന്നു പേരക്ക പറിക്കുന്നതും മറ്റും കണ്ടുനില്‍ക്കാന്‍ ബാപ്പ പലപ്പോഴും തയ്യാറായിരുന്നില്ല. ഞാനും എളേമയുടെ (ഉമ്മയുടെ അനിയത്തി) മകന്‍ അജിയും കൂടി ചേര്‍ന്നാല്‍ ഇരുമ്പ് കരിമ്പാക്കുമെന്നായിരുന്നു മൂപ്പരുടെ വാദം.
പേര് അബ്ദുറഹ്മാന്‍ എന്നാണെങ്കിലും "ഡ്രൈവർ കുഞ്ഞാൻ", "ചെയ്ത്താന്‍ കുഞ്ഞാൻ" എന്നൊക്കെപ്പറഞ്ഞാലേ നാട്ടുകാരറിയൂ. ലോറി ഡ്രൈവറായിരുന്ന ബാപ്പയുടെ മനക്കരുത്തും ഏതു കൊടുങ്കാട്ടിലേക്കും പാതിരാത്രിയിലും തനിച്ചുപോകാനുള്ളള ധൈര്യവും ഒക്കെയാണ് "ചെയ്ത്താൻ" (ചെകുത്താൻ) എന്ന പേര് നേടിക്കൊടുത്തത്. പിന്നെ ആ പേരു വീഴാന്‍ തക്ക ചെറിയ ചെറിയ പൊടിക്കൈകളും കൈയിലുണ്ടായിരുന്നു.
മാതൃകയാക്കേണ്ട പലഗുണകണങ്ങളുമുള്ള വ്യക്തിയായിരുന്നു ബാപ്പ. സ്‌കൂള്‍ വിദ്യാഭ്യാസം വേണ്ടത്ര ലഭിച്ചിട്ടില്ലെങ്കിലും ഏതൊരു വിഷയവും അറിയാനും പഠിക്കാനുമുള്ള ആഗ്രഹം വളരെ കൂടുതലായിരുന്നു. ഇടക്ക് ഓരോ കുഴപ്പിക്കുന്ന കണക്കും മറ്റു ചോദ്യങ്ങളുമൊക്കെ ചോദിച്ചുവരും. പലപ്പോഴും തോല്‍വി സമ്മതിക്കുകയല്ലാതെ ഞങ്ങള്‍ കുട്ടികള്‍ക്ക് വേറെ നിവൃത്തിയില്ലായിരുന്നു. പാതിരാത്രികളില്‍ പോലും വാനനിരീക്ഷണവുമായി സുഹൃത്തുക്കളോടൊപ്പം പുഴക്കരയില്‍ പോയിരിക്കുന്നതും മറ്റും ബാപ്പയുടെ ഇഷ്ടങ്ങളിലൊന്നായിരുന്നു.
ബാപ്പയില്‍നിന്നാണ് എനിക്ക് വലിയൊരു സമ്പാദ്യം ലഭിച്ചത്. സ്‌കൂളില്‍ ഹിന്ദി പഠിച്ചിട്ടില്ലാത്ത ബാപ്പാക്ക് ഹിന്ദി പാട്ടുകളോട് വലിയ ഇഷ്ടമായിരുന്നു. പ്രത്യേകിച്ച് റഫി ഗാനങ്ങള്‍. അങ്ങനെയിരിക്കെ, ഗള്‍ഫിലുള്ള അമ്മാവന്‍ ബാപ്പാക്ക് ഒരു കാസറ്റ് കൊടുത്തയച്ചു: റഫി സാഹബിന്റെ ലണ്ടന്‍ പ്രോഗ്രാം. പാട്ടു പാടുന്നതിനു മുമ്പുള്ളള അനൗണ്‍സ്‌മെന്റ് കേള്‍ക്കുമ്പോള്‍ കാണികളുടെ ആരവം കേട്ട് ഞാനന്ന് ചോദിച്ചിരുന്നു, എന്തിനാണ് ഇവരിങ്ങനെ കൂക്കിവിളിക്കുന്നതെന്ന്... റഫിയുടെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ മനസ്സില്‍, ബാപ്പയും അന്നങ്ങനെ ആര്‍ത്തുവിളിച്ചിട്ടുണ്ടാവണമെന്ന് ഇപ്പോള്‍ മനസ്സു പറയുന്നു ...
ഞാന്‍ ഡിഗ്രിക്കു പഠിക്കുന്ന സമയത്താണ് ബാപ്പ മരിക്കുന്നത്. ബാപ്പയുടെ മേശയില്‍ കിടന്നിരുന്ന പലതരത്തിലുള്ള കൗതുകവസ്തുക്കള്‍ക്കിടയില്‍നിന്നും ഞാനത് സ്വന്തമാക്കി. നീല സ്റ്റിക്കറൊട്ടിച്ച 'സോണി' കാസറ്റ്, മുഹമ്മദ് റഫിയുടെ ലണ്ടന്‍ പ്രോഗ്രാം... അതിനുശേഷം വീട്ടിലെ കാസറ്റ് പ്ലെയറില്‍ കുറേ കാലം അതേ കാസറ്റ് പാടിക്കൊണ്ടിരുന്നു. അതിനുശേഷം എത്രയോ റഫി ഗനങ്ങള്‍ കേട്ടു. എന്നാലും ഇപ്പോഴും മുഹമ്മദ് റഫിയെന്നു പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന മുഖം വെള്ള ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ച്, പിറകിലേക്കു കൈയ്യുംകെട്ടി, ചെരുപ്പിടാതെ നടക്കുന്ന ബാപ്പയെയാണ്...
പലരില്‍നിന്നും പിന്നീട് മുകേഷ് കിഷോര്‍ എന്നിവരെക്കുറിച്ചൊക്കെ കേട്ടെങ്കിലും, എനിക്ക് പറയാന്‍ ഒരു റഫി മാത്രമേ ഉണ്ടായിരുന്നുള്ളൂ..., ബാപ്പ പരിചയപ്പെടുത്തിത്തന്ന അനശ്വരഗായകൻ... മുഹമ്മദ് റഫി!
Image Courtsey: aviralji